::: കൊടുവള്ളി മുനിസിപ്പാലിറ്റി ചരിത്രം :::

കോഴിക്കോട് ജില്ലയിലെ വടക്ക് കിഴക്ക് ഭാഗത്തായി പടിഞ്ഞാറ് പൂനൂർ പുഴയും കിഴക്ക് ചെറുപുഴയും വടക്ക് താമരശ്ശേരി ഗ്രാമപഞ്ചായത്തും തെക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനുമിടയിൽ വാവാട്, കൊടുവള്ളി, പുത്തൂർ വില്ലേജുകളിലായി 23.85 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയിൽ ഒതുങ്ങുന്നതാണ് നമ്മുടെ കൊടുവള്ളി നഗരസഭ. 

1938-ൽ മലബാറിൽ രൂപീകൃതമായ മൂന്ന് പഞ്ചായത്തുകളിൽ ഒന്നായിരുന്നു കൊടുവള്ളി പഞ്ചായത്ത്. നിലവിലെ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്, താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പരപ്പന്‍പൊയിൽ, കാരാടി എന്നീ പ്രദേശങ്ങൾ ഉള്‍പ്പെടെ ഉള്ളതായിരുന്നു അന്നത്തെ കൊടുവള്ളി പഞ്ചായത്ത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡറിന്‍റെ പ്രവർത്തന പരിധിക്കുള്ളിലായിരുന്ന കൊടുവള്ളി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് ശ്രീ. ടി.കെ പരീക്കുട്ടി അധികാരി ആയിരുന്നു. കൈപൊക്കി പഞ്ചായത്ത് മെമ്പർമാരെ തിരഞ്ഞെടുക്കുന്ന സമ്പ്രദായമായിരുന്ന കാലത്ത് വാർഡുകളെ ബ്ലോക്ക് എന്നായിരുന്നു വിളിച്ചിരുന്നത്. അന്ന് പഞ്ചായത്തിന്റെ എക്സിക്യുട്ടീവ് അധികാരം  പ്രസിഡന്റിൽ നിക്ഷിപ്തമായിരുന്നു. ഗ്രാമ മുന്‍സികഫ് കോടതി കൂടിയായിരുന്ന പഞ്ചായത്തിൽ കേസുകളിൽ വിധി പറയുന്നതിനുള്ള അധികാരവും പ്രസിഡന്റിനായിരുന്നു.

പഴയ കൊടുവള്ളിയിൽ രജിസ്ട്രാർ ഓഫീസ്, അംശകച്ചേരി, പോസ്റ്റ് ഓഫീസ് എന്നീ മൂന്ന് സർക്കാർ സ്ഥാപനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത  സർവ്വ ശ്രീ ഒറുവാംകുണ്ടിൽ കണ്ണന്‍കുയട്ടി, എം. കെ പരമേശ്വരൻ നമ്പീശൻ, വി. പാച്ചുകുട്ടി, എം വേലുക്കുട്ടി തുടങ്ങിയവർ ഹരിജനോദ്ധാരണത്തിനും പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേത്ര പ്രവേശനത്തിനും വേണ്ടിയുള്ള സമരത്തിന് നേതൃത്വം കൊടുത്തവരായിരുന്നു. ചെറിയ വള്ളിക്കാട്ട് ആലിക്കുഞ്ഞി സാഹിബ്, മുഹമ്മദ് അബ്ദു റഹിമാൻ സാഹിബിന്റെ അടുത്ത അനുയായി ആയിരുന്നു. 

ദേശപോഷിണി വായനശാലയാണ് കൊടുവള്ളിയിലെ ആദ്യത്തെ വായനശാല. മറിവീട്ടിൽ ഉക്കാരന്‍കുട്ടി നായരാണ് ഈ വായനശാലയുടെ പേര് ഗാന്ധി സ്മാരക വയനശാല എന്നാക്കി മാറ്റിയത്. കൊടുവള്ളിയിൽ അധികാരികൾ  ഭരണം നടത്തിയ കാലഘട്ടത്തിൽ സർവ്വകശ്രീ വള്ളിക്കാട്ട് ഇമ്പിച്ചിമോതി, പൊയിൽ അബ്ദുള്ള, പരിയേയിക്കുട്ടി എന്നിവർ ഇന്നത്തെ വില്ലേജ് ഓഫീസർമാരുടെ സ്ഥാനത്ത് അധികാരികളായി ഭരണം നടത്തിയവരാണ്. ഇവരും പ്രാദേശിക തലത്തിൽ കേസുകൾ കേള്‍ക്കുകയും വിധി പറയുകയും ചെയ്തിരുന്നു. 

വിദ്യാഭ്യാസ രംഗത്ത് കൊടുവള്ളി ഹൈസ്കൂളും കരുവന്‍പൊയില്‍ എൽ.പി സ്കൂൾ തുടങ്ങിയതിന് ശേഷമാണ് കൊടുവള്ളിയിൽ വന്‍പുരോഗതി ഉണ്ടായത്. നിലവിൽ കൊടുവള്ളിയിൽ സര്ക്കാർ തലത്തിൽ നാല് എൽ.പി സ്കൂളുകളും രണ്ട് യു.പി സ്കൂളുകളും രണ്ട് ഹയർ സെക്കണ്ടറി സ്കൂളുകളും ഒരു ഗവൺമെന്റ് റസിഡന്‍ഷ്യല്‍ ഐ.ടി.ഐയും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ എയ്ഡഡ് മേഖലയിൽ രണ്ട് എൽ.പി സ്കൂളുകളും ഒരു യു.പി സ്കൂളും അൺ ഏയ്ഡഡ് മേഖലയിൽ ഒരു ഹയർ സെക്കണ്ടറി സ്കൂളും ഒരു ആർട്സ് & സയൻസ് കോളേജും പ്രവർത്തിക്കുന്നുണ്ട്.

1964 - ൽ ശ്രീ. കെ.വി മോയിന്‍കുട്ടി ഹാജിയും പിന്നീട് ശ്രീ. മക്കാട്ട് മാധവൻ നമ്പൂതിരിയും തുടർന്ന് ശ്രീ. ടി. കെ പരിയേയിക്കുട്ടി ഹാജിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായി. പതിനാറ് വർഷമായിരുന്നു ഈ പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി ഉണ്ടായിരുന്നത്. 1978-ൽ ശ്രീ. ഇ.സി ചെറിയമ്മദ് ഹാജിയും തുടർന്ന് വിവിധ ഘട്ടങ്ങളിലായി അഡ്വ. പി.ടി.എ റഹീം, ശ്രീമതി. പി.ടി സുബൈദ റഹീം, ശ്രീ. വായോളി മുഹമ്മദ് മാസ്റ്റർ എന്നിവരും അവസാനമായി ശ്രീമതി. റസിയ ഇബ്രാഹീമും കൊടുവള്ളി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റുമാരായി പ്രവർത്തിച്ചിട്ടുണ്ട്. അതാത് കാലഘട്ടങ്ങളിലെ ഭരണ കർത്താക്കളുടെ ദീർഘ വീക്ഷണത്തോട് കൂടിയ പ്രവർത്തന ഫലമായാണ് നാം ഇന്ന് കാണുന്ന പുരോഗതി കൊടുവള്ളിക്ക്  കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. 

2015 നവംബർ 1 പ്രാബല്യത്തിൽ അന്നത്തെ  ശ്രീ. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കേരള സർക്കാർ നഗരവല്‍ക്കരിക്കപ്പെട്ട കൊടുവള്ളി ഗ്രാമപഞ്ചായത്തിനെ കൊടുവള്ളി നഗരസഭയാക്കി ഉയത്തിയതിനെ തുടർന്നാണ് ഇന്ന് നാം കാണുന്ന തരത്തിലേക്ക്  കൊടുവള്ളി നഗരസഭ മാറ്റപ്പെട്ടിട്ടുള്ളത്.  കൊടുവള്ളി നഗരസഭയുടെ പ്രഥമ ചെയർപേഴ്സൺ ശ്രീമതി. ശരീഫ കണ്ണാടിപ്പൊയിലാണ്. 2015-2020 കാലഘട്ടത്തിലാണ് ഇവർ നഗരസഭ ചെയർപേഴ്സണായി പ്രവർത്തിച്ചിട്ടുള്ളത്. തുടർന്ന്  2020-25 കാലഘട്ടത്തിൽ ശ്രീ. വെള്ളറ അബ്ദു എന്നവരും നഗരസഭ ചെയർപേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്.  ശ്രീ. എ.പി മജീദ് മാസ്റ്റർ, ശ്രീമതി. സുഷിനി. കെ.എം, ശ്രീമതി. വി.സി നൂർജഹാൻ എന്നിവർ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ്‍മാരായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ശ്രീമതി. സഫീന ഷമീർ ചെയർപേഴ്സണായും ശ്രീ. കെ.കെ.എ കാദർ ഡെപ്യൂട്ടി ചെയര്പേഴ്സണായുള്ള ഭരണസമതിയാണ് കൊടുവള്ളി നഗരസഭക്ക് നേതൃത്വം നല്കി വരുന്നത്.