കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കില്‍ കൊടുവള്ളി, വാവാട്, പുത്തൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന നഗരസഭയാണ് കൊടുവള്ളി നഗരസഭ. 23.85 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ പടിഞ്ഞാറ് കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകളും കിഴക്ക് ഓമശ്ശേരി പഞ്ചായത്തും, തെക്ക് കുന്ദമംഗലം, ചാത്തമംഗലം പഞ്ചായത്തുകളും, വടക്ക് കട്ടിപ്പാറ, കിഴക്കോത്ത് പഞ്ചായത്തുകളും ആണ്. പുരാവസ്തു ഗവേഷണ ലിസ്റ്റില്‍ സ്ഥാനം പിടിച്ച കരൂഞ്ഞി അയറ്റട ഗുഹയും തലപ്പെരുമണ്ണ കല്ലുവെട്ടുകുഴിയിലെ പുരാതന ഗുഹയും എടുത്തുപറയേണ്ട സ്മാരകങ്ങളാണ്. സൌത്ത് കൊടുവള്ളിയിലും നഗരസഭയുടെ മറ്റ് ചില ഭാഗങ്ങളിലും കൊടക്കല്ലുകളും പ്രാചീനകാല ജനത പണിത ചില ശവക്കല്ലറകളും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണാഭരണ നിര്‍മ്മാണവും വിപണനവുമായി ബന്ധപ്പെട്ട് ഏകദേശം ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രം കൊടുവള്ളിക്കുണ്ട്. പഴയ കാലം മുതല്‍ക്കു തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സ്വര്‍ണ്ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും ധാരാളം ആളുകള്‍ കൊടുവള്ളിയില്‍ എത്തിച്ചേരാറുണ്ടായിരുന്നു. സുവര്‍ണ്ണ നഗരി എന്ന പേരിലാണ് കൊടുവള്ളി ഇന്നറിയപ്പെടുന്നത്. കോഴിക്കോട് പട്ടണത്തില്‍ നിന്നും 22 കി.മീ കിഴക്ക് മാറിയാണ് കൊടുവള്ളി നഗരസഭ സ്ഥിതി ചെയ്യുന്നത്.
പശ്ചിമഘട്ടത്തില്‍ നിന്നും നീര്‍ച്ചാലുകളായി ഉത്ഭവിച്ച് കോഴിക്കോട് ജില്ലയിലെ പുതപ്പാടി, താമരശ്ശേരി പഞ്ചായത്തുകളിലൂടെ ഒഴുകി എത്തുന്ന പൂനൂര്‍പുഴയും, ചെറുപുഴയും യഥാക്രമം നഗരസഭയുടെ പടിഞ്ഞാറും കിഴക്കും അതിരുകളായി ഒഴുകുന്നു. കൊടുവള്ളി, വാവാട് വില്ലേജുകളും പുത്തൂര്‍ വില്ലേജിലെ കുടയത്തൂരും ഉള്‍പ്പെട്ട കൊടുവള്ളി നഗരസഭ ചെറുതും വലുതുമായ പത്തോളം കുന്നുകളും അവയുടെ താഴ്വരകളും സമതലങ്ങളും അടങ്ങിയതാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ മുഖ്യ വിപണന കേന്ദ്രം കൊടുവള്ളിയില്‍ വ്യാഴാഴ്ച തോറും നടത്തിയിരുന്ന ആഴ്ച ചന്തയായിരുന്നു. കര്‍ഷകര്‍ ആവശ്യമുള്ള സാധനങ്ങള്‍ ചന്തയില്‍ നിന്നായിരുന്നു സംഭരിച്ചിരുന്നത്.
ഇന്ന് കൊടുവള്ളി മറ്റങ്ങള്‍ കെണ്ട് വിസ്മയം തീര്‍ക്കുകയാണ്. ഗ്രാമീണ സ്വഭാവവും ചിന്താഗതിയും മാറ്റി നാഗരിക സ്വഭാവമുള്ള ഒരു പ്രദേശമായി മാറിയിരിക്കുയാണ്. പരമ്പരാഗത സ്വര്‍ണ്ണ വ്യാപാരവും അതിനു പുറമെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണ് പുതിയ കൊടുവള്ളിയുടെ പ്രധാന സമ്പത്ത്. എന്നിരുന്നാലും മുമ്പ് ഗ്രാമപഞ്ചായത്തായിരുന്ന കൊടുവള്ളി ഗ്രാമ പഞ്ചായത്ത് 01.11.2015 പ്രാഭല്യത്തില്‍ സര്‍ക്കാര്‍ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയിട്ടുള്ളതാണ്.
- 803 views